2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

എസെക്കിയേലിന്റെ ആടുകള്‍

ആട്ടിന്‍ കൂട്ടമേ,.. ഞാന്‍ ആടിനും ആടിനും മദ്ധ്യേയും, മുട്ടാടിനും കോലാട്ടിന്‍ മുട്ടനും മദ്ധ്യേയും വിധി നടത്തും. നല്ല മേച്ചില്‍ സ്ഥലത്തു നിങ്ങള്‍ക്കു മേഞ്ഞാല്‍ പോരേ ? മിച്ചമുള്ള പുല്‍ത്തകിടി ചവിട്ടിത്തേച്ചു കളയണമോ ? ശുദ്ധജലം കുടിച്ചാല്‍ പോരേ ?..ശേഷമുള്ളതു ചവിട്ടിക്കലക്കണമോ ? അന്യദേശങ്ങളിലേക്കു ചിതറിക്കുവോളം ദുര്‍ബ്ബലമായവയെ നിങ്ങള്‍ പാര്‍ശ്വം കൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.

തങ്ങളെ തന്നെ പോറ്റുന്ന ഇടയന്മാര്‍ക്കു ദുരിതം. നല്ല ഇടയര്‍ ഇല്ലാത്തതിനാല്‍ ആടുകള്‍ ഭൂമുഖത്തെങ്ങും ചിതറിപ്പോയി. മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. തിരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. കാട്ടിലെ മ്രുഗങ്ങള്‍ക്ക് അവ ഇരയായി. ദുര്‍ബ്ബലമായതിനു നിങ്ങള്‍ ശക്തി കൊടുത്തില്ല. മുറിവേറ്റതിനെ വച്ചുകെട്ടിയില്ല. വഴിതെറ്റിയതിനെ തിരികെ കൊണ്ടുവരികയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച് കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറുന്നു. നിങ്ങള്‍ അവയെ പോറ്റുന്നില്ല. പകരം കൊഴുത്തതിനെ കൊല്ലുകയും മേദസ്സു ഭക്ഷിക്കുകയും രോമം കൊണ്ടുള്ള വസ്ത്രം ധരിയ്ക്കുകയും ചെയ്യുന്നു. നിങ്ങളല്ലേ അവയെ പോറ്റേണ്ടത് ?

ഞാന്‍ എന്റെ ആട്ടിന്‍ പറ്റത്തെ രക്ഷിക്കും. ഞാന്‍ തന്നെ കൊഴുത്ത ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും ഇടയന്മാര്‍ക്കും മദ്ധ്യേ വിധി പ്രസ്താവിക്കും. എന്റെ ആടുകള്‍ക്കു ഞാന്‍ ഇടയന്മാരോടു കണക്കുചോദിക്കും. ആവരുടെ മേയ്ക്കലിനു അറുതിവരുത്തും. ഇനി അവര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ ഇനിയും അവര്‍ക്കു ഭക്ഷണമായിത്തീരാതിരിയ്ക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിയ്ക്കും.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

തങ്ങള്‍ ആടുകളേ അല്ലെന്നും തങ്ങളുടെ സ്വത്വം മറക്കാന്‍ ആട്ടിന്‍ തോല്‍ തങ്ങളെ പുതപ്പിച്ചതാണെന്നും, ഇരുട്ടിന്റെ മറവില്‍ ഇടയന്മാരും ചെന്നായ്ക്കളും കൈകോര്‍ത്ത് പാവക്കൂത്തുകള്‍ക്കു ചരടുവലിക്കുന്നെന്നും ആടുകള്‍ തിരിച്ചറിയുന്ന ദിവസം !! അന്നൊരലര്‍ച്ചയായിരിക്കും...സിംഹഗര്‍ജ്ജനം.. പിന്നെ അണികളെവിടെ ? ഇടയരെവിടെ ? ചെന്നയ്ക്കളെവിടെ ??