2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ശ്മശാനത്തിലേക്കുള്ള ദൂരം

ആളും അര്‍ഥവും നോക്കാതെ എല്ലാ അത്യന്താധുനിക രോഗാവസ്ഥകളും ആരേയും കയറു ചുറ്റി വലിക്കുന്ന നാല്‍പതും നാത്പത്തന്‍ചും തീര്‍ത്തും അവഗണിച്ചു തന്നെ ഉത്പാദനക്ഷമതയും പ്രത്യുത്പ്പാദന ക്ഷമതയും കൂടി കണക്കിലെടുത്ത് പെന്‍ഷന്‍ പ്രായമായ അന്‍പത്തന്‍ചില്‍ എത്തിയപ്പോള്‍ ഇന്‍ഷൂര്‍ ചെയ്യാവുന്ന പരമാവധി പ്രായമായ അറുപത്തന്‍ചു അവിടങ്ങിനെ തുറിച്ചു നോക്കുന്നു. എന്നാല്‍ അങ്ങിനെ എന്നു തീരുമാനിച്ചുറപ്പിക്കുന്നതിനും മുന്‍പായി ഒരുവട്ടം കൂടി ചുറ്റുപാടുകളിലുറ്റു നോക്കിയപ്പോള്‍ തെറ്റിയില്ലാ, അത്യഗ്രഹമായേക്കുമോ എന്നും തെറ്റിദ്ധരിക്കാവുന്ന, എഴുപതിലും എഴുപത്തന്‍ചിലും എത്തി വടി കുത്തി പിടിച്ചു മുറ്റത്തും തൊടിയിലും പിച്ച വയ്ക്കുന്നവര്‍..!! ആരേയും കണ്ടില്ലാ എന്നു കരുതാനും മനസ്സു വരുന്നില്ല. ആയുസ്സിന്റെ പുസ്തകത്താളില്‍ എഴുപത്തന്‍ചെന്നു തന്നെ കോറിയിട്ടു. ജീവിച്ചു തിമിര്‍ക്കാനാകെ കയ്യില്‍ വീണു കിട്ടിയോരീ ജന്മം. ഇതുപോലൊന്നു ഇനിയും പ്രതീക്ഷിക്കാനാകില്ലല്ലോ ?

തലച്ചോറിന്റെ വളര്‍ച്ചയുടെ ഇരുപത്തന്‍ചു ശതമാനം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ നടക്കുന്നു. ശേഷം വളര്‍ച്ചയുടെ നിര്‍ണ്ണയക ഘട്ടം ഒന്നു മുതല്‍ നാലുവയസ്സു വരെയും. എന്നാല്‍ പന്ത്രണ്ടു വയസ്സാകുന്നതോടെ വളര്‍ച്ച അവസ്സാനിക്കുകയും ചെയ്യുന്നു. തവളക്കും പട്ടുനൂല്‍ പുഴുവിനും ജീവിത ദശകള്‍ കിട്ടിയപ്പോള്‍ വിശേഷബുദ്ധിയോടെ സ്രുഷ്ടമായ മനുഷ്യനു മാത്രം അങ്ങിനെ ഒന്ന് ഇല്ലാതെ പോയി. പ്രക്രുതിയുടെ വിക്രുതികള്‍. ഊര്‍ജ്ജശ്രോതസ്സായ സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാനാകുന്നത് ചെടികള്‍ക്കും വ്രുക്ഷലതാദികള്‍ക്കുമാകുന്നു. മറ്റു ജീവജാലങ്ങള്‍ ഇവയെ ഭക്ഷണമായി സ്വീകരിക്കുന്നതോടെ അവയ്ക്കും പ്രവര്‍ത്തനോര്‍ജ്ജം ലഭ്യമാകുന്നു. മണ്ണില്‍ അഴുകിചേരുമ്പോള്‍ ഇവ മണ്ണിനെ പരിപുഷ്ടിപ്പെടുത്തുന്നു. ജീവന്റെ നിലനില്‍പ് പ്രക്രുതിയില്‍ ഇത്തരത്തില്‍ സാദ്ധ്യമാകുന്നു.

ഒന്നില്‍ തുടങ്ങി പതിനന്‍ചില്‍ അവസാനിക്കുന്ന ബാല്യം ജീവിതദശയില്‍ ഒന്നാമതായി പ്രത്യേകം രേഖപ്പെടുത്തി. തന്നിഷ്ടങ്ങളില്‍പ്പെടുത്താന്‍ പലതുമുണ്ടെങ്കിലും വടിയേയും അടിയേയും നന്നെ പേടിയുള്ളതിനാല്‍ പലപ്പോഴും നിസ്സഹായനും, നിരുപദ്രവിയും. മാടപ്രാവിന്റെ നൈര്‍മ്മല്യം, കുഞ്ഞാടിന്റെ വിശുദ്ധി. തികഞ്ഞ ആശ്രിത മനോഭാവം.

പതിനന്‍ചില്‍ തുടങ്ങി മുപ്പതില്‍ അവസാനിക്കുന്ന രണ്ടാം ജീവിതദശ തികച്ചും വ്യാപ്തിയിലുള്ള വളര്‍ച്ചയുടേതാണു. നോക്കി കാണാനാകുന്ന ശാരീരിക വ്യതിയാനങ്ങളില്‍ ചെറിയൊരഹങ്കാരം. അനുസരണത്തില്‍ നിന്നും അഹം ഭാവത്തിലേക്കുള്ള മനം മാറ്റവും മൊഴി മാറ്റവും. ആജ്ഞ്ഞാ ശക്തികള്‍ക്കു മുന്‍പില്‍ നേരത്തേ ഉണ്ടായിരുന്ന വിധേയത്വം ഇന്നില്ലാ, സ്വന്തം ഇഛാശക്തിക്കു മുന്‍ തൂക്കം. നാട്ടറിവു കേട്ടറിവിനും കണ്ടറിവിനും വഴി മാറിയിരിക്കുന്നു. മറുചോദ്യവും യുക്തിയും നാവിന്‍ തുമ്പില്‍. താന്തോന്നിത്തം. മര്‍ക്കടമുഷ്ടി.

മുപ്പതിനും നാല്‍പത്തന്‍ചിനും ഇടയില്‍ ഈ ജീവിതദശ മദിച്ചു മലകുലുക്കുന്ന ഒറ്റയാന്റേതാണു. ആരോടും ഒന്നിനോടും യാതൊരു പ്രതിബദ്ധതയുമില്ല. നേട്ടങ്ങളെല്ലാം തികച്ചും സ്വന്തമെന്നു അവകാശപ്പെടുന്ന കാലഘട്ടം. തനിക്കൊപ്പം വളരാനും നേടാനുമാകാത്തവരോടു പുഛവും തന്നില്‍ കൂടുതല്‍ നേടിയവരോടു തെല്ലൊരു അസൂയയും അമര്‍ഷവും. ഒന്നിലും ഇനിയും സംത്രുപ്തമാകാത്ത വിരണ്ട മനസ്സിന്റെ നെട്ടോട്ടം. ഉത്തരത്തിലെ പല്ലിയുടെ മനസ്സിലിരിപ്പ്. പാതിയും പിന്നിട്ടതിന്റെ, വിജയിച്ചു മുന്നേറുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണു.

വളര്‍ച്ചയെത്തിയ ഉത്തരവാദിത്വങ്ങള്‍ ഒന്നിനു പുറകില്‍ മറ്റൊന്നായി തലക്കുമുകളില്‍ പന്തലിച്ചു തുറിച്ചു നോക്കുന്നു. ഇപ്പോള്‍ മാത്രം താനറിയാതെ കണ്ണുകളില്‍ വിളര്‍ച്ച. നാല്‍പത്തന്‍ചു മുതല്‍ അറുപതുവരെയുള്ള ജീവിതദശ. സ്വന്തം പ്രയത്നങ്ങളും ഇന്നിതുവരെയുള്ള നേട്ടങ്ങളും വളര്‍ച്ചയെത്തിയ ഉത്തരവാദിത്വങ്ങള്‍ക്കു മുന്‍പില്‍ കാണിക്കയര്‍പ്പിക്കുമ്പോള്‍, സ്വരത്തിനു പതര്‍ച്ചയും ശരീരത്തിനു തളര്‍ച്ചയും. പുതിയ തലമുറക്കുമേല്‍ സ്വന്തം ആജ്ഞ്ഞാശക്തി കുറയുന്നു. തനിക്കടുത്ത തലമുറ തനിക്കും മേല്‍ താന്‍ പോലുമറിയാതെ ആധിപത്യമുറപ്പിക്കുന്നതിന്റെ അസ്വാസ്ഥ്യം. അല്‍പാല്‍പമായി അനുസരണം, ഇനിയൊരിക്കല്‍ കൂടി സ്വയം ശീലിക്കേണ്ടി വരുന്നതിന്റെ വൈക്ലബ്യം വേറെയും. ദൂരങ്ങള്‍ ഒത്തിരി വേഗത്തിലോടിയതിന്റെ കിതപ്പും ആകമാനം ഒഴുകിയിറങ്ങുന്ന വിയര്‍പ്പും, ഇന്നിപ്പോള്‍ സ്വസ്ഥത തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ ആലോചനകളില്ല, അന്വേഷണങ്ങളില്ല. അഭിപ്രായങ്ങളില്ല. ബലക്ഷയം സംഭവിച്ച ശരീരം. തരിശായ മനസ്സ്. വിരസമായ ദിവസങ്ങളും, ആഴ്ചകളും മാസങ്ങളും.
അറുപതുമുതല്‍ എഴുപത്തന്‍ചിലെത്തുന്ന അവസാന ദശ. മണ്ണില്‍ ഈ അസ്ഥിത്വം തന്നെ ഒരു പാഴ് വേല എന്ന് എന്തിനോ ഒരു പശ്ചാത്താപം. എല്ലാ വഴികളും കുഴിയില്‍ എത്തിച്ചേരേണ്ടിയിരിക്കുന്നു എന്ന വലിയ തിരിച്ചറിവിന്റെ നേരവും നേരം പോക്കും. കണ്ണിലെ ക്രുഷ്ണമണികള്‍ മാത്രമെ ജനിച്ച നാള്‍മുതല്‍ ഇന്നിതാ ജീവിതാന്ത്യം വരെ വലിപ്പ ചെറുപ്പങ്ങളില്ലാതെ തന്നില്‍ നിലനില്‍ക്കുന്നുള്ളൂ എന്ന വിസ്മയിപ്പിക്കുന്ന സത്യം. ഇന്നലെകളില്‍ ജീവിതം എനിക്കൊരു സ്വര്‍ഗ്ഗവും, ഇന്നിതാ യാതനകളുടെ ഒരു നരകവും ഒരു പക്ഷെ നാളെ ഇവ രണ്ടുമല്ലാത്ത മറ്റെന്തോ ആയിത്തീര്‍ന്നേക്കാമെന്ന നടുക്കുന്ന ഒരു അങ്കലാപ്പും. സര്‍വ്വവും വ്രുഥാവില്‍. ഈശ്വര മാര്‍ഗ്ഗത്തിന്റെ അന്വേഷണം ഇവിടെ തുടങ്ങുന്നു.

യാത്രയില്‍ ഉടനീളം ഒറ്റയ്ക്കും, സംഘങ്ങളായും കണ്ടെത്താനായ വിവിധ പ്രായക്കാരായവര്‍ക്കെല്ലാം ശ്മശാനത്തിലേക്കുള്ള ദൂരത്തെപ്പറ്റി ഇനിയും ഏകാഭിപ്രായത്തില്‍ എത്തിച്ചേരാനായിട്ടില്ല. ഓരോരുത്തരും യാത്രയ്ക്കു തിരഞ്ഞെടുത്ത വഴികളും, യാത്രാമാധ്യമങ്ങളും, മാധ്യമങ്ങളുടെ വേഗതയും തമ്മില്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ അനവധിയായിരുന്നു. പൊതുസ്വഭാവങ്ങള്‍ ഏകീകരിച്ച് പൊതുവില്‍ ഒരു ഏകകം നിര്‍ണ്ണയിച്ച് നിര്‍വ്വചിച്ചെടുക്കാന്‍ ഇനിയും ആരാലുമായില്ലാ എന്നതിലുപരി ഈ വിഷയം കേന്ദ്ര ബിന്ദുവായി ഒരു പഠനപരിപാടി പോലും നിലവില്‍ ഇല്ലെന്നതാണു ഖേദകരമായി ശേഷിക്കുന്നത്. 

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

nice read