2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ശുദ്ധമദ്ദളം

കണ്ണും പൂട്ടി കത്തുന്ന വേഗത്തില്‍ ഇനിയും ഇനിയും ഈ യാത്ര തുടര്‍ന്നാല്‍..?? ഏകദിശയിലുള്ള പ്രയാണം മാത്രം അനുവദിച്ചിരിക്കുന്ന ഈ സന്‍ചാരപഥത്തില്‍ തിരിഞ്ഞു നടക്കാനാകുന്നില്ല. എതിര്‍ദിശയില്‍ സമാന്തരങ്ങളായോ വളഞ്ഞു പിരിഞ്ഞോ ഒരു യാത്രാമാര്‍ഗ്ഗം ഇനിയും കണ്ണെത്തും ദൂരങ്ങളിലില്ല..!! പിന്നിട്ട ബാല്യത്തിലേക്ക്, അതിനുമപ്പുറം പ്രക്രുതിയിലേക്കു തിരിഞ്ഞുനോക്കാനാകുന്നെങ്കിലും, ഒരു മടക്ക യാത്ര ഇനി തരമാകുമോ ? ഒന്നു തിരിഞ്ഞ്, തിരിച്ചു നടക്കാന്‍ പോലും അനുവദിയ്ക്കാത്ത വിധം പുറകില്‍, പിന്നിട്ട ദൂരമത്രയും കടലെടുത്തു പോയെന്നോ..?

ശ്മശാനത്തിലേക്കുള്ള ദൂരം

ആളും അര്‍ഥവും നോക്കാതെ എല്ലാ അത്യന്താധുനിക രോഗാവസ്ഥകളും ആരേയും കയറു ചുറ്റി വലിക്കുന്ന നാല്‍പതും നാത്പത്തന്‍ചും തീര്‍ത്തും അവഗണിച്ചു തന്നെ ഉത്പാദനക്ഷമതയും പ്രത്യുത്പ്പാദന ക്ഷമതയും കൂടി കണക്കിലെടുത്ത് പെന്‍ഷന്‍ പ്രായമായ അന്‍പത്തന്‍ചില്‍ എത്തിയപ്പോള്‍ ഇന്‍ഷൂര്‍ ചെയ്യാവുന്ന പരമാവധി പ്രായമായ അറുപത്തന്‍ചു അവിടങ്ങിനെ തുറിച്ചു നോക്കുന്നു. എന്നാല്‍ അങ്ങിനെ എന്നു തീരുമാനിച്ചുറപ്പിക്കുന്നതിനും മുന്‍പായി ഒരുവട്ടം കൂടി ചുറ്റുപാടുകളിലുറ്റു നോക്കിയപ്പോള്‍ തെറ്റിയില്ലാ, അത്യഗ്രഹമായേക്കുമോ എന്നും തെറ്റിദ്ധരിക്കാവുന്ന, എഴുപതിലും എഴുപത്തന്‍ചിലും എത്തി വടി കുത്തി പിടിച്ചു മുറ്റത്തും തൊടിയിലും പിച്ച വയ്ക്കുന്നവര്‍..!! ആരേയും കണ്ടില്ലാ എന്നു കരുതാനും മനസ്സു വരുന്നില്ല. ആയുസ്സിന്റെ പുസ്തകത്താളില്‍ എഴുപത്തന്‍ചെന്നു തന്നെ കോറിയിട്ടു. ജീവിച്ചു തിമിര്‍ക്കാനാകെ കയ്യില്‍ വീണു കിട്ടിയോരീ ജന്മം. ഇതുപോലൊന്നു ഇനിയും പ്രതീക്ഷിക്കാനാകില്ലല്ലോ ?

തലച്ചോറിന്റെ വളര്‍ച്ചയുടെ ഇരുപത്തന്‍ചു ശതമാനം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ നടക്കുന്നു. ശേഷം വളര്‍ച്ചയുടെ നിര്‍ണ്ണയക ഘട്ടം ഒന്നു മുതല്‍ നാലുവയസ്സു വരെയും. എന്നാല്‍ പന്ത്രണ്ടു വയസ്സാകുന്നതോടെ വളര്‍ച്ച അവസ്സാനിക്കുകയും ചെയ്യുന്നു. തവളക്കും പട്ടുനൂല്‍ പുഴുവിനും ജീവിത ദശകള്‍ കിട്ടിയപ്പോള്‍ വിശേഷബുദ്ധിയോടെ സ്രുഷ്ടമായ മനുഷ്യനു മാത്രം അങ്ങിനെ ഒന്ന് ഇല്ലാതെ പോയി. പ്രക്രുതിയുടെ വിക്രുതികള്‍. ഊര്‍ജ്ജശ്രോതസ്സായ സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാനാകുന്നത് ചെടികള്‍ക്കും വ്രുക്ഷലതാദികള്‍ക്കുമാകുന്നു. മറ്റു ജീവജാലങ്ങള്‍ ഇവയെ ഭക്ഷണമായി സ്വീകരിക്കുന്നതോടെ അവയ്ക്കും പ്രവര്‍ത്തനോര്‍ജ്ജം ലഭ്യമാകുന്നു. മണ്ണില്‍ അഴുകിചേരുമ്പോള്‍ ഇവ മണ്ണിനെ പരിപുഷ്ടിപ്പെടുത്തുന്നു. ജീവന്റെ നിലനില്‍പ് പ്രക്രുതിയില്‍ ഇത്തരത്തില്‍ സാദ്ധ്യമാകുന്നു.

ഒന്നില്‍ തുടങ്ങി പതിനന്‍ചില്‍ അവസാനിക്കുന്ന ബാല്യം ജീവിതദശയില്‍ ഒന്നാമതായി പ്രത്യേകം രേഖപ്പെടുത്തി. തന്നിഷ്ടങ്ങളില്‍പ്പെടുത്താന്‍ പലതുമുണ്ടെങ്കിലും വടിയേയും അടിയേയും നന്നെ പേടിയുള്ളതിനാല്‍ പലപ്പോഴും നിസ്സഹായനും, നിരുപദ്രവിയും. മാടപ്രാവിന്റെ നൈര്‍മ്മല്യം, കുഞ്ഞാടിന്റെ വിശുദ്ധി. തികഞ്ഞ ആശ്രിത മനോഭാവം.

പതിനന്‍ചില്‍ തുടങ്ങി മുപ്പതില്‍ അവസാനിക്കുന്ന രണ്ടാം ജീവിതദശ തികച്ചും വ്യാപ്തിയിലുള്ള വളര്‍ച്ചയുടേതാണു. നോക്കി കാണാനാകുന്ന ശാരീരിക വ്യതിയാനങ്ങളില്‍ ചെറിയൊരഹങ്കാരം. അനുസരണത്തില്‍ നിന്നും അഹം ഭാവത്തിലേക്കുള്ള മനം മാറ്റവും മൊഴി മാറ്റവും. ആജ്ഞ്ഞാ ശക്തികള്‍ക്കു മുന്‍പില്‍ നേരത്തേ ഉണ്ടായിരുന്ന വിധേയത്വം ഇന്നില്ലാ, സ്വന്തം ഇഛാശക്തിക്കു മുന്‍ തൂക്കം. നാട്ടറിവു കേട്ടറിവിനും കണ്ടറിവിനും വഴി മാറിയിരിക്കുന്നു. മറുചോദ്യവും യുക്തിയും നാവിന്‍ തുമ്പില്‍. താന്തോന്നിത്തം. മര്‍ക്കടമുഷ്ടി.

മുപ്പതിനും നാല്‍പത്തന്‍ചിനും ഇടയില്‍ ഈ ജീവിതദശ മദിച്ചു മലകുലുക്കുന്ന ഒറ്റയാന്റേതാണു. ആരോടും ഒന്നിനോടും യാതൊരു പ്രതിബദ്ധതയുമില്ല. നേട്ടങ്ങളെല്ലാം തികച്ചും സ്വന്തമെന്നു അവകാശപ്പെടുന്ന കാലഘട്ടം. തനിക്കൊപ്പം വളരാനും നേടാനുമാകാത്തവരോടു പുഛവും തന്നില്‍ കൂടുതല്‍ നേടിയവരോടു തെല്ലൊരു അസൂയയും അമര്‍ഷവും. ഒന്നിലും ഇനിയും സംത്രുപ്തമാകാത്ത വിരണ്ട മനസ്സിന്റെ നെട്ടോട്ടം. ഉത്തരത്തിലെ പല്ലിയുടെ മനസ്സിലിരിപ്പ്. പാതിയും പിന്നിട്ടതിന്റെ, വിജയിച്ചു മുന്നേറുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണു.

വളര്‍ച്ചയെത്തിയ ഉത്തരവാദിത്വങ്ങള്‍ ഒന്നിനു പുറകില്‍ മറ്റൊന്നായി തലക്കുമുകളില്‍ പന്തലിച്ചു തുറിച്ചു നോക്കുന്നു. ഇപ്പോള്‍ മാത്രം താനറിയാതെ കണ്ണുകളില്‍ വിളര്‍ച്ച. നാല്‍പത്തന്‍ചു മുതല്‍ അറുപതുവരെയുള്ള ജീവിതദശ. സ്വന്തം പ്രയത്നങ്ങളും ഇന്നിതുവരെയുള്ള നേട്ടങ്ങളും വളര്‍ച്ചയെത്തിയ ഉത്തരവാദിത്വങ്ങള്‍ക്കു മുന്‍പില്‍ കാണിക്കയര്‍പ്പിക്കുമ്പോള്‍, സ്വരത്തിനു പതര്‍ച്ചയും ശരീരത്തിനു തളര്‍ച്ചയും. പുതിയ തലമുറക്കുമേല്‍ സ്വന്തം ആജ്ഞ്ഞാശക്തി കുറയുന്നു. തനിക്കടുത്ത തലമുറ തനിക്കും മേല്‍ താന്‍ പോലുമറിയാതെ ആധിപത്യമുറപ്പിക്കുന്നതിന്റെ അസ്വാസ്ഥ്യം. അല്‍പാല്‍പമായി അനുസരണം, ഇനിയൊരിക്കല്‍ കൂടി സ്വയം ശീലിക്കേണ്ടി വരുന്നതിന്റെ വൈക്ലബ്യം വേറെയും. ദൂരങ്ങള്‍ ഒത്തിരി വേഗത്തിലോടിയതിന്റെ കിതപ്പും ആകമാനം ഒഴുകിയിറങ്ങുന്ന വിയര്‍പ്പും, ഇന്നിപ്പോള്‍ സ്വസ്ഥത തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ ആലോചനകളില്ല, അന്വേഷണങ്ങളില്ല. അഭിപ്രായങ്ങളില്ല. ബലക്ഷയം സംഭവിച്ച ശരീരം. തരിശായ മനസ്സ്. വിരസമായ ദിവസങ്ങളും, ആഴ്ചകളും മാസങ്ങളും.
അറുപതുമുതല്‍ എഴുപത്തന്‍ചിലെത്തുന്ന അവസാന ദശ. മണ്ണില്‍ ഈ അസ്ഥിത്വം തന്നെ ഒരു പാഴ് വേല എന്ന് എന്തിനോ ഒരു പശ്ചാത്താപം. എല്ലാ വഴികളും കുഴിയില്‍ എത്തിച്ചേരേണ്ടിയിരിക്കുന്നു എന്ന വലിയ തിരിച്ചറിവിന്റെ നേരവും നേരം പോക്കും. കണ്ണിലെ ക്രുഷ്ണമണികള്‍ മാത്രമെ ജനിച്ച നാള്‍മുതല്‍ ഇന്നിതാ ജീവിതാന്ത്യം വരെ വലിപ്പ ചെറുപ്പങ്ങളില്ലാതെ തന്നില്‍ നിലനില്‍ക്കുന്നുള്ളൂ എന്ന വിസ്മയിപ്പിക്കുന്ന സത്യം. ഇന്നലെകളില്‍ ജീവിതം എനിക്കൊരു സ്വര്‍ഗ്ഗവും, ഇന്നിതാ യാതനകളുടെ ഒരു നരകവും ഒരു പക്ഷെ നാളെ ഇവ രണ്ടുമല്ലാത്ത മറ്റെന്തോ ആയിത്തീര്‍ന്നേക്കാമെന്ന നടുക്കുന്ന ഒരു അങ്കലാപ്പും. സര്‍വ്വവും വ്രുഥാവില്‍. ഈശ്വര മാര്‍ഗ്ഗത്തിന്റെ അന്വേഷണം ഇവിടെ തുടങ്ങുന്നു.

യാത്രയില്‍ ഉടനീളം ഒറ്റയ്ക്കും, സംഘങ്ങളായും കണ്ടെത്താനായ വിവിധ പ്രായക്കാരായവര്‍ക്കെല്ലാം ശ്മശാനത്തിലേക്കുള്ള ദൂരത്തെപ്പറ്റി ഇനിയും ഏകാഭിപ്രായത്തില്‍ എത്തിച്ചേരാനായിട്ടില്ല. ഓരോരുത്തരും യാത്രയ്ക്കു തിരഞ്ഞെടുത്ത വഴികളും, യാത്രാമാധ്യമങ്ങളും, മാധ്യമങ്ങളുടെ വേഗതയും തമ്മില്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ അനവധിയായിരുന്നു. പൊതുസ്വഭാവങ്ങള്‍ ഏകീകരിച്ച് പൊതുവില്‍ ഒരു ഏകകം നിര്‍ണ്ണയിച്ച് നിര്‍വ്വചിച്ചെടുക്കാന്‍ ഇനിയും ആരാലുമായില്ലാ എന്നതിലുപരി ഈ വിഷയം കേന്ദ്ര ബിന്ദുവായി ഒരു പഠനപരിപാടി പോലും നിലവില്‍ ഇല്ലെന്നതാണു ഖേദകരമായി ശേഷിക്കുന്നത്. 

എന്റ്ഛന്റെ സ്വാര്‍ത്ഥത

എന്റഛന്‍ എന്നോ നട്ടുപിടിപ്പിച്ചതാണാ തേന്മാവ് ഒത്തിരി
വളര്‍ന്നെന്തോ വന്‍ കാര്യത്തിനു ഉപകരിക്കാന്‍ )
പൂത്തും തളിര്‍ത്തും ഇലകള്‍ കൊഴിഞ്ഞും,
വീണ്ടും തളിര്‍ത്തും കൊഴിഞ്ഞും, വളര്‍ന്നാ തേന്മാവ് ( ഒപ്പം ) തളര്‍ന്നാ ആത്മാവ് !
എന്‍ നാട്ടിലോ കര്‍ക്കിടം വീട്ടില്‍ കാലണയില്ലാ,
കലത്തിലുരിയരിയില്ല അടുപ്പില്‍ തീയില്ല, പുകയില്ല
തേന്മാവു വെട്ടണം, തടിയാക്കി വില്‍ക്കണം അന്നെന്റമ്മേടെ തീര്‍പ്പ് !
അയ്യോ വരട്ടെ തേന്മാവു വെട്ടല്ലെ, ഇനിയും വളരട്ടെ,
ഒരു കാര്യത്തിനു കൊള്ളണം എന്റഛന്റെതിര്‍പ്പ്....
(പൂത്തും തളിര്‍ത്തും ഇലകള്‍....തളര്‍ന്നാ ആത്മാവ് !

ചേച്ചിക്കു കല്യാണം കാതില്‍ കാ പവനില്ല
മിന്നിനു പൊന്നില്ല സദ്യക്കും വിറകില്ല
തേന്മാവു വെട്ടണം, തടിയാക്കി വില്‍ക്കണം മാമന്റെ തീര്‍പ്പ് !
അയ്യോ വരട്ടെ തേന്മാവു വെട്ടല്ലെ, ഇനിയും വളരട്ടെ,
ഒരു കാര്യത്തിനു കൊള്ളണം എന്റഛന്റെതിര്‍പ്പ്....
(പൂത്തും തളിര്‍ത്തും ഇലകള്‍....തളര്‍ന്നാ ആത്മാവ് !)

പിന്നീടൊരുനാള്‍ എന്റഛന്‍ മരിച്ചു....
മാവൊന്നു വെട്ടണം വിറകാക്കി മാറ്റണം
ചിതയൊന്നു കൂട്ടണം ആരാന്റെ തീര്‍പ്പ് !
അഛന്‍ എണീറ്റില്ല എതിര്‍ത്തൊന്നും പറഞ്ഞില്ല
തേന്മാവ് വെട്ടി വിറകാക്കി മാറ്റി ചിതയാളിക്കത്തി
വന്‍ കാര്യ്മെന്തിത്ര ? അന്നുണ്ണി ഓര്‍ത്തു..
എന്റ്ഛന്റെ സ്വാര്‍ത്ഥത...എന്തോരു സ്വാര്‍ത്ഥത !!!

വെള്ളിക്കിട്ടത്തിനു വിഷാദം

കുന്തുരുക്കവും കര്‍പ്പൂരവും തീയില്‍ ഒത്തിരി ഉരുകുന്നു, പുകയുന്നു. ഉല ശക്തിയായി ഊതുന്നു. ഈയം തീയില്‍ ഉരുകുന്നു. ഹ്രുദയം മറ്റെന്തിനേക്കാളും കാപട്യമുള്ളതാണു, അതിനെ ആര്‍ക്കാണു മനസ്സിലാക്കാന്‍ കഴിയുക. പുതു തലമുറ പകല്‍ വെളിച്ചം കാണുകയും ഭൂമിയില്‍ വസിക്കുകയും ചെയ്തു. എന്നാല്‍ അറിവിലേക്കുള്ള മാര്‍ഗ്ഗം അവര്‍ പഠിച്ചില്ല. പാതകള്‍ മനസ്സിലാക്കിയില്ല, കരസ്ഥമാക്കിയുമില്ല. നിസ്സാരന്മാര്‍ മുതല്‍ മഹാന്മാര്‍ വരെ അന്യായ ലാഭത്തില്‍ ആര്‍ത്തി പൂണ്ടിരിക്കുന്നു. പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധയോടെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നു. സമാധാനമില്ലാതിരിക്കെ സമാധാനം, സമാധാനം എന്ന് അവര്‍ ഉറക്കെ പറയുന്നു. ഭൂമി രക്തരൂക്ഷിതമായ അപരാധങ്ങള്‍ കൊണ്ടും പട്ടണങ്ങള്‍ അക്രമം കൊണ്ടും നിറഞ്ഞിരിക്കുന്നു. അഹങ്കാരം തളിര്‍ക്കുകയും അനീതി പുഷ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ശുദ്ദീകരണമെല്ലാം വെറുതെയാണു, ദുഷ്ടതയും ദുഷ്ടരും നീക്കം ചെയ്യപ്പെടുന്നില്ല. നിത്യാഗ്നിയില്‍ എറിയപ്പെടും വരെ തള്ളിക്കളഞ്ഞിരിക്കുന്നതിനാല്‍ 'വെള്ളിക്കിട്ടം' എന്നേ ഇവ അറിയപ്പെടുന്നുള്ളൂ.

ഞാന്‍ മനുഷ്യനെ സരളഹ്രുദയനായി സ്രുഷ്ടിച്ചു, എന്നാല്‍ അവന്റെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ അവന്റെ തന്നെ സ്രുഷ്ടിയാണു. തിന്മ ഭീരുത്വം നിറഞ്ഞതാണു, അതു തന്നെ തന്നെ ശിക്ഷിയ്ക്കുന്നു. മനസ്സാക്ഷിയുടെ സമ്മര്‍ദ്ദത്തില്‍ അതു പ്രതിബന്ധങ്ങളെ പര്‍വതീകരിക്കുന്നു. ജലത്തിനരികെ നില്‍ക്കുന്ന ഒരു വ്രുക്ഷവും തന്റെ ഉയര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കയും തന്റെ അഗ്രം മേഘങ്ങള്‍ വരെ ഉയര്‍ത്താതിരിക്കുകയും ചെയ്യട്ടെ. ഒരു ദിവസത്തേയ്ക്കു ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം ! ഞാങ്ങണ പോലെ തലകുനിയ്ക്കുന്നതും, ചാക്കു വിരിച്ച് ചാരവും വിതറി അതില്‍ നിവര്‍ന്നു കിടക്കുന്നതും ആയിരിക്കരുത്. ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ യഥാര്‍ഥ ഉപവാസം ? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും, ഭവന രഹിതനെ വീട്ടില്‍ സ്വീകരിയ്ക്കുകയും നഗ്നനെ ഉടുപ്പിയ്ക്കുകയും സ്വന്തക്കാരില്‍ നിന്നു ഒഴിഞ്ഞു മാറാതിരിക്കയും ചെയ്യുന്നതല്ലേ അത് ? നിന്റെ ഇഷ്ടങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ നിന്നും പിന്തിരിയുക. നിന്റെ താത്പ്പര്യങ്ങള്‍ അന്വേഷിക്കാതേയും സ്വന്തം വഴികളിലൂടെ നടക്കാതേയും വ്യര്‍ഥ് ഭാഷണത്തില്‍ ഏര്‍പ്പെടാതെയും കരുതലോടെയിരിക്കുക. നീതി നിന്റെ മുന്‍പില്‍ നടക്കട്ടെ. ചിലന്തിവല നെയ്യല്ലെ, അണലി മുട്ടയില്‍ അടയിരിക്കല്ലെ, തിന്മയെ ഗര്‍ഭം ധരിച്ച് അനീതിയെ പ്രസവിക്കരുതെ. ജ്ഞ്ഞാനവും ശക്തിയും വിവേകവും എവിടെയുണ്ടെന്ന് അറിയുക. ദീര്‍ഘായുസ്സും ജീവനും സമാധാനവും കുണ്ണുകള്‍ക്കു പ്രകാശവും എവിടെയുണ്ടെന്നു അപ്പോള്‍ നീ ഗ്രഹിക്കും.

എസെക്കിയേലിന്റെ ആടുകള്‍

ആട്ടിന്‍ കൂട്ടമേ,.. ഞാന്‍ ആടിനും ആടിനും മദ്ധ്യേയും, മുട്ടാടിനും കോലാട്ടിന്‍ മുട്ടനും മദ്ധ്യേയും വിധി നടത്തും. നല്ല മേച്ചില്‍ സ്ഥലത്തു നിങ്ങള്‍ക്കു മേഞ്ഞാല്‍ പോരേ ? മിച്ചമുള്ള പുല്‍ത്തകിടി ചവിട്ടിത്തേച്ചു കളയണമോ ? ശുദ്ധജലം കുടിച്ചാല്‍ പോരേ ?..ശേഷമുള്ളതു ചവിട്ടിക്കലക്കണമോ ? അന്യദേശങ്ങളിലേക്കു ചിതറിക്കുവോളം ദുര്‍ബ്ബലമായവയെ നിങ്ങള്‍ പാര്‍ശ്വം കൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.

തങ്ങളെ തന്നെ പോറ്റുന്ന ഇടയന്മാര്‍ക്കു ദുരിതം. നല്ല ഇടയര്‍ ഇല്ലാത്തതിനാല്‍ ആടുകള്‍ ഭൂമുഖത്തെങ്ങും ചിതറിപ്പോയി. മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. തിരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. കാട്ടിലെ മ്രുഗങ്ങള്‍ക്ക് അവ ഇരയായി. ദുര്‍ബ്ബലമായതിനു നിങ്ങള്‍ ശക്തി കൊടുത്തില്ല. മുറിവേറ്റതിനെ വച്ചുകെട്ടിയില്ല. വഴിതെറ്റിയതിനെ തിരികെ കൊണ്ടുവരികയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച് കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറുന്നു. നിങ്ങള്‍ അവയെ പോറ്റുന്നില്ല. പകരം കൊഴുത്തതിനെ കൊല്ലുകയും മേദസ്സു ഭക്ഷിക്കുകയും രോമം കൊണ്ടുള്ള വസ്ത്രം ധരിയ്ക്കുകയും ചെയ്യുന്നു. നിങ്ങളല്ലേ അവയെ പോറ്റേണ്ടത് ?

ഞാന്‍ എന്റെ ആട്ടിന്‍ പറ്റത്തെ രക്ഷിക്കും. ഞാന്‍ തന്നെ കൊഴുത്ത ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും ഇടയന്മാര്‍ക്കും മദ്ധ്യേ വിധി പ്രസ്താവിക്കും. എന്റെ ആടുകള്‍ക്കു ഞാന്‍ ഇടയന്മാരോടു കണക്കുചോദിക്കും. ആവരുടെ മേയ്ക്കലിനു അറുതിവരുത്തും. ഇനി അവര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ ഇനിയും അവര്‍ക്കു ഭക്ഷണമായിത്തീരാതിരിയ്ക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിയ്ക്കും.

ബോധിവ്രുക്ഷത്തില്‍ നിന്നു കൊഴിഞ്ഞ ഇലകള്‍

സൂര്യനുദിയ്ക്കുന്നു അസ്തമിയ്ക്കുന്നു, ഉദിച്ചിടത്ത് തന്നെ തിരിച്ചെത്തുന്നു. കാറ്റ് തെക്കോട്ട് വീശുന്നു തിരിഞ്ഞ് വടക്കോട്ട് വീശുന്നു വീണ്ടും തെക്കൊട്ട്, അതങ്ങിനെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിയ്ക്കുന്നു. നദികള്‍ നിരന്തരം സമുദ്രത്തിലേയ്ക്കൊഴുകുന്നു എന്നാല്‍ സമുദ്രം നിറയുന്നില്ല, ഉറവിടത്തില്‍ നിന്നു വീണ്ടും ഒഴുക്ക് തുടരുന്നു. കണ്ടിട്ടു കണ്ണിനോ കേട്ടിട്ടു കാതിനോ മതി വരുന്നില്ല. എന്നോടുതന്നെ ഞാന്‍ പറഞ്ഞു. സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകും. അതിന്റെ ആസ്വാദ്യത പരീക്ഷിയ്ക്കും. മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്തെന്നും ചുരുങ്ങിയ ആയുസ്സിനുള്ളില്‍ അവന്‍ ചെയ്യേണ്ടതെന്തെന്നും അറിയാന്‍ ഞാന്‍ ഭോഷത്തത്തെ ആവോളം ആശ്ലേഷിച്ചു. നയനങ്ങള്‍ അഭിലഷിച്ചതൊന്നും അവയ്ക്കു നിഷേധിച്ചില്ല. ജ്ഞാനത്തില്‍ നിന്ന് മനസ്സിളകാതെ തന്നെ ശരീരത്തെ വീഞ്ഞുകൊണ്ട് ഞാന്‍ ആഹ്ളാദിപ്പിയ്ക്കാന്‍ നോക്കി. ആകാശത്തിനു കീഴെ സംഭവിയ്ക്കുന്നതെല്ലാം ജ്ഞാനത്തോടെ ആരാഞ്ഞറിയാന്‍ ഞാന്‍ പരിശ്രമിച്ചു. ജ്ഞാനത്തേയും അറിവിനേയും ഉന്മത്തതേയും ഭോഷത്തത്തേയും വിവേചിച്ചറിയാന്‍ ഞാന്‍ ഉദ്യമിച്ചു. ഇവയുടെ യഥാര്‍ഥ രൂപം തികവില്‍ അനുഭവിച്ച്റിഞ്ഞു എന്നും ഞാന് ‍വിചാരിച്ചു.

എന്നാല്‍ ജ്ഞാനമേറുമ്പോള്‍ ദു:ഖവും ഏറുന്നു. അറിവ് വര്‍ദ്ധിയ്ക്കുമ്പോള്‍ വ്യസനവും വര്‍ദ്ധിയ്ക്കുന്നു. കഴിഞ്ഞതൊന്നും ആരും ഓര്‍ക്കുന്നില്ല. ലോകമാകെ വാടിക്കൊഴിയുന്നു. ഭൂമി ദു;ഖിച്ചു ക്ഷയിച്ച് പോകുന്നു. ഭൂമിയോടൊപ്പം ആകാശവും ദുഷിയ്ക്കുന്നു. ഭൂവാസികള്‍ നിമിത്തം എല്ലാം അശുദ്ധമായിത്തീര്‍ന്നിരിയ്ക്കുന്നു ജ്ഞാനിയ്ക്ക് കാണാന്‍ കണ്ണുണ്ട്. ഭോഷന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുവര്‍ക്കും ഗതി ഒന്നു തന്നെ എങ്കില്‍ ഞാന്‍ എന്തിനു ജ് ഞാനിയായിരിയ്ക്കണം ? സ്രഷ്ടാവ് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിയ്ക്കത്തക്ക വിധം വിന്യസിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധവും നിക്ഷേപിചു. സ്രഷ്ടാവിന്റെ പ്രവ്രുത്തികള്‍ ആത്യന്തം ഗ്രഹിയ്ക്കാന്‍ അവനു കഴിവില്ലാതെ പോയി. അതിനോട് എന്തെങ്കിലും കൂട്ടാനോ അതില്‍നിന്ന് എന്തെങ്കിലും കുറയ്ക്കാനോ ആര്‍ക്കും സാധ്യമല്ല. ഇന്നുള്ളത് പണ്ടേ ഉണ്ടായിരുന്നതാണു. ഇനി ഉണ്ടാകാനിരിയ്ക്കുന്നതും നേരത്തെ ഉണ്ടായിരുന്നതു തന്നെ. അവ ശാശ്വതമാണെന്നു ഞാന്‍ അറിയുന്നു. കടന്നു പോയ ഓരോന്നിനേയും കാലം യഥാകാലം തിരിച്ചു കൊണ്ടുവരും.

തലമുറകള്‍ വരുന്നു പോകുന്നു, ഭൂമിയാകട്ടെ എന്നേയ്ക്കും നില്‍നില്‍ക്കുന്നു. വരാനിരിയ്ക്കുന്നവയെ അവയ്ക്കുശേഷം വരാനിരിയ്ക്കുന്നവര്‍ ഓര്‍മ്മിയ്ക്കുകയുമില്ല. ജീവിച്ചിരിയ്ക്കുന്നവരേക്കാള്‍ ഭാഗ്യവാന്മാരാണു മരിച്ചു പോയവരെന്ന് ഞാന്‍ വിചാരിച്ചു. ഇനിയും ജനിച്ചിട്ടില്ലാത്തവരും സൂര്യനു കീഴെ നടക്കുന്ന തിന്മകള്‍ കണ്ടിട്ടില്ലാത്തവരുമാണു ഇരുകൂട്ടരേയുംകാള്‍ ഭാഗ്യവാന്മാര്‍. ഇല്ലാത്തതെണ്ണുക അസ്സാദ്ധ്യം. ചിരി ഭ്രാന്താണെന്നും സുഖഭോഗങ്ങള്‍ നിഷ്ഫലമാണെന്നും വൈകാതെ ഞാന്‍ മനസ്സിലാക്കി. ഭൂമിയുടെ വിളവ് എല്ലാവര്‍ക്കുമുള്ളതാണു. വിഭവങ്ങളേറുമ്പോള്‍ അത് തിന്നൊടുക്കുന്നവരുടെ എണ്ണം പെരുകുന്നു. അമ്മയുടെ ഉദരത്തില്‍ നിന്നു പുറത്തു വന്നതു പോലെ നഗ്നനായി തന്നെ ഞാനും തിരിച്ചു പോകും. പ്രയത്നഫലത്തിലൊന്നും ‍ഞാന്‍ കൊണ്ടു പോകയില്ല. ഉദര പൂരണത്തിനാണു അദ്ധ്വാനമെങ്കിലും ആര്‍ക്കും വിശപ്പടങ്ങുന്നില്ല.

എല്ലാ വൈദഗ്ദ്യവും അദ്ധ്വാനവും മനുഷ്യരുടെ പരസ്പര സ്പര്‍ധയുടെ ഫലമാണെന്ന് ഞാന്‍ ഗ്രഹിച്ചു. ഞാന്‍ ഉണ്ടാക്കിയവയെയും അതിനുവേണ്ടി ചെയ്ത അധ്വാനത്തേയും ഞാന്‍ നിരൂപണം ചെയ്തു. എല്ലാം പാഴ്വേലയായിരുന്നു. അദ്ധ്വാനങ്ങളെല്ലാം ഞാന്‍ വെറുത്തു. അവയുടെ ഫലം പിന്‍ ഗാമിയ്ക്കു വിട്ട് ഞാനും പോകേണ്ടിയിരിയ്ക്കുന്നു. അവന്‍ ജ്ഞാനിയായിരിയ്ക്കുമോ ഭോഷനായിരിയ്ക്കുമോ എന്ന് ആര്‍ക്കറിയാം ? കണ്മുന്‍പിലുള്ളതു കൊണ്ട് ത്രുപ്തിപ്പെടുന്നതാണു സങ്കല്‍പങ്ങളില്‍ അലയുന്നതിനേക്കാള്‍ നല്ലത്. ഉണ്ടായിട്ടുള്ളതിനെല്ലാം പേരിട്ടുകഴിഞ്ഞു. മനുഷ്യന്‍ ആരാണെന്നും തന്നേക്കാള്‍ ശക്തനോട് മല്ലിടാന്‍ അവനു കഴിവില്ലെന്നും ഇതിനകം വ്യക്തമായി കഴിഞ്ഞു. നിഴല്‍ പോലെ കടന്നു പോകുന്ന വ്യര്‍ഥമായ ഹ്രസ്വജീവിതത്തില്‍ മനുഷ്യനു നന്മയായിട്ടുള്ളതെന്താണെന്ന് ആര്‍ അറിയുന്നു ? തനിയ്ക്കുശേഷം എന്തു സം ഭവിയ്ക്കുന്നു എന്ന് അവനോടു പറയാന്‍ ആര്‍ക്കു കഴിയും ? കാറ്റു നോക്കിയിരിക്കുന്നവന്‍ വിതയ്ക്കുകയോ, മേഘങ്ങളെ നോക്കിയിരിയ്ക്കുന്നവന്‍ കൊയ്യുകയോ ഇല്ല. രാവിലെ വിത്തു വിതയ്ക്കുക. വൈകുന്നേരവും നിന്റെ കൈ പിന്‍ വലിയ്ക്കരുത്. ഏതാണു ഫലം തരിക, ഇതോ അതോ അഥവ രണ്ടുമോ ? നിനക്കറിയില്ലല്ലോ.

ആവര്‍ത്തിച് അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതും അല്‍പാല്‍പമായി കണ്ടെത്തിയതിന്റേയും ആകെത്തുകയുമാണിത്. നിനക്കു ചെയ്യാനുള്ളത് സര്‍വ്വ ശക്തിയോടും കൂടെ ഇന്ന് ചെയ്യുക. എന്തെന്നാല്‍ നീ ചെന്നു ചേരേണ്ട പാതാളത്തില്‍ നിന്റെ വിജ് ഞാനത്തിനോ, ചിന്തയ്ക്കോ, അറിവിനോ, അദ്ധ്വാനത്തിനോ സ്ഥാനമില്ല. ഹ്രുദയത്തിന്റെ പ്രേരണകളേയും കണ്ണിന്റെ അഭിലാഷങ്ങളേയും പിന്‍ചെല്ലുക, എന്നാല്‍ ഓര്‍മ്മിച്ചു കൊള്ളുക. നല്ലതോ ചീത്തയോ ആയ ഏതു നിഗൂഢ പ്രവ്രുത്തിയും നീതിപീഠത്തിനു മുന്‍പില്‍ വരേണ്ടിയിരിയ്ക്കുന്നു. ന്യായവിധിയ്ക്കായി നീ വിളിയ്ക്കപ്പെടും. കൈ ചൂണ്ടികളും വഴി കാട്ടികളും സ്ഥാപിച്ച് നീ കടന്നു പോകുന്ന വഴികള്‍ നിന്റെ മനസ്സില്‍ ഉറപ്പിയ്ക്കുക. ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിയ്ക്കും മുന്‍പ് നിന്റെ യൗവ്വന കാലത്ത് നിന്റെ സ്രഷ്ടാവിനെ സ്മരിയ്ക്കുക.