2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ബോധിവ്രുക്ഷത്തില്‍ നിന്നു കൊഴിഞ്ഞ ഇലകള്‍

സൂര്യനുദിയ്ക്കുന്നു അസ്തമിയ്ക്കുന്നു, ഉദിച്ചിടത്ത് തന്നെ തിരിച്ചെത്തുന്നു. കാറ്റ് തെക്കോട്ട് വീശുന്നു തിരിഞ്ഞ് വടക്കോട്ട് വീശുന്നു വീണ്ടും തെക്കൊട്ട്, അതങ്ങിനെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിയ്ക്കുന്നു. നദികള്‍ നിരന്തരം സമുദ്രത്തിലേയ്ക്കൊഴുകുന്നു എന്നാല്‍ സമുദ്രം നിറയുന്നില്ല, ഉറവിടത്തില്‍ നിന്നു വീണ്ടും ഒഴുക്ക് തുടരുന്നു. കണ്ടിട്ടു കണ്ണിനോ കേട്ടിട്ടു കാതിനോ മതി വരുന്നില്ല. എന്നോടുതന്നെ ഞാന്‍ പറഞ്ഞു. സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകും. അതിന്റെ ആസ്വാദ്യത പരീക്ഷിയ്ക്കും. മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്തെന്നും ചുരുങ്ങിയ ആയുസ്സിനുള്ളില്‍ അവന്‍ ചെയ്യേണ്ടതെന്തെന്നും അറിയാന്‍ ഞാന്‍ ഭോഷത്തത്തെ ആവോളം ആശ്ലേഷിച്ചു. നയനങ്ങള്‍ അഭിലഷിച്ചതൊന്നും അവയ്ക്കു നിഷേധിച്ചില്ല. ജ്ഞാനത്തില്‍ നിന്ന് മനസ്സിളകാതെ തന്നെ ശരീരത്തെ വീഞ്ഞുകൊണ്ട് ഞാന്‍ ആഹ്ളാദിപ്പിയ്ക്കാന്‍ നോക്കി. ആകാശത്തിനു കീഴെ സംഭവിയ്ക്കുന്നതെല്ലാം ജ്ഞാനത്തോടെ ആരാഞ്ഞറിയാന്‍ ഞാന്‍ പരിശ്രമിച്ചു. ജ്ഞാനത്തേയും അറിവിനേയും ഉന്മത്തതേയും ഭോഷത്തത്തേയും വിവേചിച്ചറിയാന്‍ ഞാന്‍ ഉദ്യമിച്ചു. ഇവയുടെ യഥാര്‍ഥ രൂപം തികവില്‍ അനുഭവിച്ച്റിഞ്ഞു എന്നും ഞാന് ‍വിചാരിച്ചു.

എന്നാല്‍ ജ്ഞാനമേറുമ്പോള്‍ ദു:ഖവും ഏറുന്നു. അറിവ് വര്‍ദ്ധിയ്ക്കുമ്പോള്‍ വ്യസനവും വര്‍ദ്ധിയ്ക്കുന്നു. കഴിഞ്ഞതൊന്നും ആരും ഓര്‍ക്കുന്നില്ല. ലോകമാകെ വാടിക്കൊഴിയുന്നു. ഭൂമി ദു;ഖിച്ചു ക്ഷയിച്ച് പോകുന്നു. ഭൂമിയോടൊപ്പം ആകാശവും ദുഷിയ്ക്കുന്നു. ഭൂവാസികള്‍ നിമിത്തം എല്ലാം അശുദ്ധമായിത്തീര്‍ന്നിരിയ്ക്കുന്നു ജ്ഞാനിയ്ക്ക് കാണാന്‍ കണ്ണുണ്ട്. ഭോഷന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുവര്‍ക്കും ഗതി ഒന്നു തന്നെ എങ്കില്‍ ഞാന്‍ എന്തിനു ജ് ഞാനിയായിരിയ്ക്കണം ? സ്രഷ്ടാവ് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിയ്ക്കത്തക്ക വിധം വിന്യസിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധവും നിക്ഷേപിചു. സ്രഷ്ടാവിന്റെ പ്രവ്രുത്തികള്‍ ആത്യന്തം ഗ്രഹിയ്ക്കാന്‍ അവനു കഴിവില്ലാതെ പോയി. അതിനോട് എന്തെങ്കിലും കൂട്ടാനോ അതില്‍നിന്ന് എന്തെങ്കിലും കുറയ്ക്കാനോ ആര്‍ക്കും സാധ്യമല്ല. ഇന്നുള്ളത് പണ്ടേ ഉണ്ടായിരുന്നതാണു. ഇനി ഉണ്ടാകാനിരിയ്ക്കുന്നതും നേരത്തെ ഉണ്ടായിരുന്നതു തന്നെ. അവ ശാശ്വതമാണെന്നു ഞാന്‍ അറിയുന്നു. കടന്നു പോയ ഓരോന്നിനേയും കാലം യഥാകാലം തിരിച്ചു കൊണ്ടുവരും.

തലമുറകള്‍ വരുന്നു പോകുന്നു, ഭൂമിയാകട്ടെ എന്നേയ്ക്കും നില്‍നില്‍ക്കുന്നു. വരാനിരിയ്ക്കുന്നവയെ അവയ്ക്കുശേഷം വരാനിരിയ്ക്കുന്നവര്‍ ഓര്‍മ്മിയ്ക്കുകയുമില്ല. ജീവിച്ചിരിയ്ക്കുന്നവരേക്കാള്‍ ഭാഗ്യവാന്മാരാണു മരിച്ചു പോയവരെന്ന് ഞാന്‍ വിചാരിച്ചു. ഇനിയും ജനിച്ചിട്ടില്ലാത്തവരും സൂര്യനു കീഴെ നടക്കുന്ന തിന്മകള്‍ കണ്ടിട്ടില്ലാത്തവരുമാണു ഇരുകൂട്ടരേയുംകാള്‍ ഭാഗ്യവാന്മാര്‍. ഇല്ലാത്തതെണ്ണുക അസ്സാദ്ധ്യം. ചിരി ഭ്രാന്താണെന്നും സുഖഭോഗങ്ങള്‍ നിഷ്ഫലമാണെന്നും വൈകാതെ ഞാന്‍ മനസ്സിലാക്കി. ഭൂമിയുടെ വിളവ് എല്ലാവര്‍ക്കുമുള്ളതാണു. വിഭവങ്ങളേറുമ്പോള്‍ അത് തിന്നൊടുക്കുന്നവരുടെ എണ്ണം പെരുകുന്നു. അമ്മയുടെ ഉദരത്തില്‍ നിന്നു പുറത്തു വന്നതു പോലെ നഗ്നനായി തന്നെ ഞാനും തിരിച്ചു പോകും. പ്രയത്നഫലത്തിലൊന്നും ‍ഞാന്‍ കൊണ്ടു പോകയില്ല. ഉദര പൂരണത്തിനാണു അദ്ധ്വാനമെങ്കിലും ആര്‍ക്കും വിശപ്പടങ്ങുന്നില്ല.

എല്ലാ വൈദഗ്ദ്യവും അദ്ധ്വാനവും മനുഷ്യരുടെ പരസ്പര സ്പര്‍ധയുടെ ഫലമാണെന്ന് ഞാന്‍ ഗ്രഹിച്ചു. ഞാന്‍ ഉണ്ടാക്കിയവയെയും അതിനുവേണ്ടി ചെയ്ത അധ്വാനത്തേയും ഞാന്‍ നിരൂപണം ചെയ്തു. എല്ലാം പാഴ്വേലയായിരുന്നു. അദ്ധ്വാനങ്ങളെല്ലാം ഞാന്‍ വെറുത്തു. അവയുടെ ഫലം പിന്‍ ഗാമിയ്ക്കു വിട്ട് ഞാനും പോകേണ്ടിയിരിയ്ക്കുന്നു. അവന്‍ ജ്ഞാനിയായിരിയ്ക്കുമോ ഭോഷനായിരിയ്ക്കുമോ എന്ന് ആര്‍ക്കറിയാം ? കണ്മുന്‍പിലുള്ളതു കൊണ്ട് ത്രുപ്തിപ്പെടുന്നതാണു സങ്കല്‍പങ്ങളില്‍ അലയുന്നതിനേക്കാള്‍ നല്ലത്. ഉണ്ടായിട്ടുള്ളതിനെല്ലാം പേരിട്ടുകഴിഞ്ഞു. മനുഷ്യന്‍ ആരാണെന്നും തന്നേക്കാള്‍ ശക്തനോട് മല്ലിടാന്‍ അവനു കഴിവില്ലെന്നും ഇതിനകം വ്യക്തമായി കഴിഞ്ഞു. നിഴല്‍ പോലെ കടന്നു പോകുന്ന വ്യര്‍ഥമായ ഹ്രസ്വജീവിതത്തില്‍ മനുഷ്യനു നന്മയായിട്ടുള്ളതെന്താണെന്ന് ആര്‍ അറിയുന്നു ? തനിയ്ക്കുശേഷം എന്തു സം ഭവിയ്ക്കുന്നു എന്ന് അവനോടു പറയാന്‍ ആര്‍ക്കു കഴിയും ? കാറ്റു നോക്കിയിരിക്കുന്നവന്‍ വിതയ്ക്കുകയോ, മേഘങ്ങളെ നോക്കിയിരിയ്ക്കുന്നവന്‍ കൊയ്യുകയോ ഇല്ല. രാവിലെ വിത്തു വിതയ്ക്കുക. വൈകുന്നേരവും നിന്റെ കൈ പിന്‍ വലിയ്ക്കരുത്. ഏതാണു ഫലം തരിക, ഇതോ അതോ അഥവ രണ്ടുമോ ? നിനക്കറിയില്ലല്ലോ.

ആവര്‍ത്തിച് അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതും അല്‍പാല്‍പമായി കണ്ടെത്തിയതിന്റേയും ആകെത്തുകയുമാണിത്. നിനക്കു ചെയ്യാനുള്ളത് സര്‍വ്വ ശക്തിയോടും കൂടെ ഇന്ന് ചെയ്യുക. എന്തെന്നാല്‍ നീ ചെന്നു ചേരേണ്ട പാതാളത്തില്‍ നിന്റെ വിജ് ഞാനത്തിനോ, ചിന്തയ്ക്കോ, അറിവിനോ, അദ്ധ്വാനത്തിനോ സ്ഥാനമില്ല. ഹ്രുദയത്തിന്റെ പ്രേരണകളേയും കണ്ണിന്റെ അഭിലാഷങ്ങളേയും പിന്‍ചെല്ലുക, എന്നാല്‍ ഓര്‍മ്മിച്ചു കൊള്ളുക. നല്ലതോ ചീത്തയോ ആയ ഏതു നിഗൂഢ പ്രവ്രുത്തിയും നീതിപീഠത്തിനു മുന്‍പില്‍ വരേണ്ടിയിരിയ്ക്കുന്നു. ന്യായവിധിയ്ക്കായി നീ വിളിയ്ക്കപ്പെടും. കൈ ചൂണ്ടികളും വഴി കാട്ടികളും സ്ഥാപിച്ച് നീ കടന്നു പോകുന്ന വഴികള്‍ നിന്റെ മനസ്സില്‍ ഉറപ്പിയ്ക്കുക. ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിയ്ക്കും മുന്‍പ് നിന്റെ യൗവ്വന കാലത്ത് നിന്റെ സ്രഷ്ടാവിനെ സ്മരിയ്ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല: